തൃപ്പൂണിത്തുറ : രാജനഗരിയുടെ ആകാശപാതയിലേക്കു മെട്രോ ആദ്യമായി ഓടിയെത്തി. നാളെ പുലർച്ചെ വരെ പരീക്ഷണ ഓട്ടം ഉണ്ടാവും. സിഗ്നലിങ്, ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളുടെ പരീക്ഷണം അടുത്ത മാസമേ ഉള്ളു. ഇതിനിടയിൽ ട്രാക്കിന്റെ പരീക്ഷണം വീണ്ടും നടക്കും. അതിനു ശേഷമാണ്, സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷാ കമ്മിഷണറുടെ പരിശോധന.മെട്രോ തൃപ്പൂണിത്തുറയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണു നാട്ടുകാർ. ഇത്രയും കാലം പേട്ടയിൽ ഇറങ്ങി തൃപ്പൂണിത്തുറയിലേക്കു ബസ് പിടിച്ചവർക്ക് ഇനി എസ്എൻ ജംക്‌ഷനിൽ വന്നിറങ്ങാം. അവിടുന്നു മെട്രോയിൽ കയറാം. കെഎംആർഎലിനും ഇത് ആഹ്ലാദ നിമിഷം. വരുമാനം കൂടുമെന്നത് ആദ്യ കാര്യം. കൂടുതൽ യാത്രക്കാർ മെട്രോയിൽ കയറും. ഡിഎംആർസി കരാർ അവസാനിപ്പിച്ചു പോയ ശേഷം കെഎംആർഎൽ സ്വന്തമായി ചെയ്ത ജോലിയാണു തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ നിർമാണം.