ഇന്ത്യയിലെ മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് പുതിയ ഹാൻഡ്സെറ്റ് ഇൻ 2സി അവതരിപ്പിച്ചു. 8,499 രൂപയാണ് വില. കഴിഞ്ഞ വർഷം പുറത്തിറക്കിയ മൈക്രോമാക്‌സ് ഇൻ 2ബിയുടെ പിൻഗാമിയാണ് മൈക്രോമാക്‌സ് ഇൻ 2സി. മൈക്രോമാക്‌സ് ഇൻ 2സി മുൻപതിപ്പിന് ഏറെക്കുറെ സമാനമാണ്. മൈക്രോമാക്‌സ് ഇൻ 2സി താങ്ങാവുന്ന വിലയ്ക്കൊരു സ്മാർട് ഫോൺ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് അളതരിപ്പിച്ചതാണ്.
ഒക്ടാ കോർ യൂണിസോക്ക് ടി16 പ്രോസസർ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുൾപ്പെടെ ഒരു കൂട്ടം സ്പെസിഫിക്കേഷനുമായാണ് ഇത് വരുന്നത്, കൂടാതെ 50 മണിക്കൂർ വരെ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. സ്മാർട് ഫോൺ ഇൻഫിനിക്‌സ് ഹോട്ട് 11 2022, റിയൽമി സി 31 എന്നിവയ്‌ക്കെതിരെയാകും മൈക്രോമാക്സ് ഇൻ2സിയുടെ മൽസരം.
3ജിബി + 32ജിബി സ്റ്റോറേജ് വേരിയന്റിന് 8,499 രൂപയ്ക്കാണ് മൈക്രോമാക്സ് ഇൻ 2സി പുറത്തിറക്കിയിരിക്കുന്നത്. മൈക്രോമാക്‌സ് ഇൻ 2 ബി രണ്ട് റാം വേരിയന്റുകളിലാണ് അവതരിപ്പിച്ചിരുന്നത്. ഒരു ആമുഖ ഓഫറിന്റെ ഭാഗമായി പുതിയ മൈക്രോമാക്‌സ് സ്മാർട് ഫോണിന് 1000 രൂപ കിഴിവ് ലഭ്യമാണ്. വാങ്ങുന്നവർക്ക് 7,499 രൂപയ്ക്ക് സ്മാർട് ഫോൺ സ്വന്തമാക്കാം. പ്രാരംഭ വില എത്രനാൾ തുടരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബ്രൗൺ, സിൽവർ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. മൈക്രോമാക്‌സ് ഇൻ 2സി മെയ് 1 ന് ഫ്ലിപ്കാർട്ടിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വിൽപന ആരംഭിക്കും.
720×1600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് മൈക്രോമാക്സ് ഇൻ 2സി അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 20:9 വീക്ഷണാനുപാതവും വാട്ടർഡ്രോപ്പ് നോച്ചും ഉണ്ട്. 3 ജിബി വരെ റാമും 32ജിബി സ്റ്റോറേജുമുള്ള ഒക്ടാ-കോർ യുനിസോക് ടി610 ആണ് പ്രോസസർ. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാനും കഴിയും.
മൈക്രോമാക്‌സ് ഇൻ 2 സി പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും വിജിഎ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. 10W സ്റ്റാൻഡേർഡ് ചാർജിങ്ങിനുള്ള പിന്തുണയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നത്. 4ജി, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.