തിരുവനന്തപുരം : മണ്ണെണ്ണ വിലവര്‍ധനയില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നു ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. മത്സ്യബന്ധന മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന ക്രൂരമായ നടപടിയാണു കേന്ദ്രത്തിന്‍റേത്. വില കൂട്ടിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തിനു സബ്സിഡി അതിനനുസരിച്ചു നല്‍കാന്‍ പരിമിതിയുണ്ട്.
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കണ്ട് ആവശ്യപ്പെടുമെന്ന് ജി.ആര്‍.അനില്‍ പറഞ്ഞു. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് 28 രൂപ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ലീറ്ററിന് 53 രൂപയാണ്. ഇത് 81 ആക്കുമെന്നാണ് വിവരം. ഫെബ്രുവരിയിൽ വിലയിൽ ലീറ്ററിന് 6 രൂപയിലേറെ വർധന എണ്ണക്കമ്പനികൾ വരുത്തിയെങ്കിലും കേരളത്തിൽ വില വർധിപ്പിച്ചില്ല.