തിരുവല്ല : പത്തനംതിട്ട തിരുവല്ല ടികെ റോഡിലെ നെല്ലാട് വാഹനാപകടത്തിൽപ്പെട്ട പിഞ്ചുകുട്ടി അടക്കം മൂന്ന് പേർക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ നെല്ലാട് ജംഗ്ഷന് സമീപത്താണ് സംഭവം. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തിരുവല്ല വള്ളംകുളം മേലേത്ത് പറമ്പിൽ വീട്ടിൽ ഐറിൻ (25 ), സഹോദരി പുത്രി നൈറ (ഒന്നര), ഐറിന്റെ പിതാവ് ബാബു എം കുര്യാക്കോസ് ( 59) എന്നിവർക്കാണ് മന്ത്രി രക്ഷകനായത്. ബാബു ഓടിച്ചിരുന്ന സ്കൂട്ടർ എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും എറണാകുളത്തേക്ക് പോകും വഴി ആണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പരിക്കേറ്റ മൂന്ന് പേരെയും തന്‍റെ ഔദ്യോഗിക വാഹനത്തിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകാനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂവരെയും സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പരിക്കേറ്റ മൂവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.