തിരുവനന്തപുരം: റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റേതല്ലാത്ത റോഡിന്റെ കാര്യത്തിലും പഴി കേൾക്കേണ്ടി വരുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍–ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കും. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡപകടങ്ങൾ കുറയ്ക്കാൻ കേരളത്തിലെ റോഡുകളുടെ രൂപകൽപന മെച്ചപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് റോഡുകളുടെ നിലവാരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശം പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകൾ വികസിപ്പിക്കുമ്പോൾ മാത്രമേ ഡിസൈൻഡ് റോഡുകളാക്കാൻ കഴിയൂവെന്നും അതിന് ജനസാന്ദ്രത തടസ്സമാണെന്നും മന്ത്രി പറഞ്ഞു.