തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയിൽ വിഷയത്തിൽ സർക്കാരിൽ അഭിപ്രായ ഭിന്നതയില്ലെന്നറിയിച്ച റിയാസ്, മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയിൽ പറഞ്ഞ കാര്യമാണ് കെ റെയിൽ പദ്ധതി. ആ പ്രഖ്യാപനങ്ങൾ കൂടി പരിഗണിച്ചാണ് ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒരു ചെറിയ വിഭാഗമാണ് ജനങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ദേശീയപാത വികസനത്തിലേത് പോലെ തന്നെ കെ റെയിൽ വിഷയത്തിലും ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറും. ഡിവൈഎഫ്ഐയുടെ വീട് കയറിയുള്ള ബോധവത്ക്കരണത്തിലൂടെ തെറ്റിദ്ധാരണകൾ തിരുത്തും.
ജനകീയ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സർക്കാരിനില്ല.എന്നാൽ കെ റയിൽ സമരം ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും റിയാസ് കുറ്റപ്പെടുത്തി. സമരത്തിന് തീവ്രവാദബന്ധമുണ്ടെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലായിരുന്നു റിയാസിന്റെയും പ്രതികരണം. തീവ്രവാദ സംഘടനകളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാമെന്ന് കരുതേണ്ടെന്നാണ് റിയാസ് പ്രതികരിച്ചത്. കോൺഗ്രസ്-ബിജെപി-ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ കൂട്ടു കെട്ട് തിരഞ്ഞെടുപ്പിന് മുമ്പേ പര്യസ്യമാകുകയാണെന്നും റിയാസ് പറഞ്ഞു.