തൃശൂര്‍ : കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുരങ്കം തുറക്കുക. തൃശ്ശൂരില്‍ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും. ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതല്‍ ഒഴിവാക്കാനാണ് തീരുമാനം. തുരങ്കം പൂര്‍ണമായി തുറക്കാതെ കുതിരാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശൂര്‍ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു.