തിരുവനന്തപുരം: ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചതിൽ വിശദീകരണം തേടി ഗതാഗത മന്ത്രി ആന്റണി രാജു. സിഎംഡി ബിജു പ്രഭാകറിൽ നിന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ ഓടിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാളെ (ഞായറാഴ്ച) ഓർഡിനറി സർവീസുകൾ ഉണ്ടാകില്ലെന്നും കെഎസ്ആർടിസി ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി റിപ്പോർട്ട് തേടിയത്.
139 കോടിയാണ് ഡീസൽ അടിച്ച വകയിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. കഴിഞ്ഞ ആഴ്ച മാത്രം ഈ ഇനത്തിൽ നൽകാനുള്ളത് 13 കോടി രൂപയും. ക്ഷാമം രൂക്ഷമായതോടെ വടക്കൻ ജില്ലകളിലെ മിക്ക ഡിപ്പോകളിലും സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. സ്വകാര്യ പമ്പുകളിൽ നിന്ന് ദൈനംദിന ആവശ്യത്തിന് ഇന്ധനം നിറച്ച് ഓടാനുള്ള അനൗദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം എങ്കിലും ഇത് എത്ര കണ്ട് പ്രാവർത്തികമാകുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്.
അതേസമയം ഡീസൽ ക്ഷാമത്തിൽ മാനേജ്മെന്റിനെ കുറപ്പെടുത്തുകയാണ് തൊഴിലാളി യൂണിയനുകൾ. ആവശ്യത്തിന് ഡീസൽ സൂക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് എഐടിയുസി ആരോപിച്ചു. പ്രതിപക്ഷ യൂണിയനുകളും മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ജൂൺ മാസത്തെ ശമ്പള വിതരണം കെഎസ്ആർടിസി പൂർത്തിയാക്കി. ഈ മാസം ശമ്പളം നൽകുന്നതിനായി 65 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിലാണ് ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചത്.