തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അസാധാരണ സാഹചര്യമായതിനാലാണ് കഴിഞ്ഞ തവണ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ചോദ്യങ്ങള്‍ വന്നത്. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയകളില്‍ 50 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നിയമസഭയില്‍ മന്ത്രി രേഖാമൂലം ഇക്കാര്യങ്ങള്‍ മറുപടിയായി അറിയിക്കുകയായിരുന്നു. സില്‍വര്‍ലൈന്‍ വിഷയത്തിലെ ചര്‍ച്ച ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളെടുത്ത് നിയമസഭാ സമ്മേളനം പുരോഗമിക്കുകയാണ്.
സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് സമര്‍പ്പിച്ചപ്പോള്‍ സ്പീക്കര്‍ അവതരണാനുമതി നല്‍കിയെന്നത് ശ്രദ്ധേയമാണ്. ഒരു മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അടിയന്തപ്രമേയത്തിലെ ആദ്യ ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പൊതുജനങ്ങള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് പരിഹരിക്കുന്നത് കൂടി ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയായിരുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.