പത്തനംതിട്ട : വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂരിൽ ഒരാൾ മരിച്ചതിനു പിന്നാലെ, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കി, സിക പോലെയുള്ള വൈറസാണ് വെസ്റ്റ് നൈലും. പടർന്നു പിടിക്കുന്ന രോഗമല്ലെങ്കിലും കൊതുകുകളുടെ ഉറവിടം നശിപ്പിച്ചാൽ രോഗവ്യാപനം ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.വൈറസ് ബാധിതരായ 80 ശതമാനം ആളുകളിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അതിനാൽ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണവും കുറവാണ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് തൃശൂർ ആശാരിക്കാട് സ്വദേശി ജോബി (47) മരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.