സന്‍ആ: അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ ആക്രമണം. യെമന്‍റെ തെക്കന്‍ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്നാണ് സൂചന. ചരക്ക് കപ്പലില്‍ മിസൈല്‍ പതിച്ചെങ്കിലും ആളപായമില്ല. കപ്പലിന് കേട് പാട് സംഭവിച്ചു. ചരക്ക് കപ്പലിന് പുറമെ യുദ്ധകപ്പലിന് നേരെയും മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍, മിസൈല്‍ യുദ്ധ കപ്പലില്‍ പതിക്കും മുമ്പെ തകര്‍ത്തുവെന്നും അമേരിക്ക അറിയിച്ചു. യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം യമന്‍ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലും അമേരിക്കയും ബ്രിട്ടണും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ അമേരിക്കന്‍ ചരക്ക് കപ്പലിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ നാവികസേന ആവശ്യപ്പെട്ടിരുന്നു.