കോഴിക്കോട് : കേന്ദ്ര സർക്കാർ രാജ്യത്തെ അപമാനിക്കുന്നതിൽ യൂത്ത് ലീഗ് ആദായ നികുതി ഓഫീസിന് മുന്നിൽ ധർണ നടത്തി. സമരത്തിൽ എംകെ മുനീർ അധ്യക്ഷത വഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് രാജ്യത്തെ സമാന്തര പട്ടാളമായെന്ന് എംകെ മുനീർ കുറ്റപ്പെടുത്തി. പ്രതിപക്ഷ ഐക്യമുണ്ടായാൽ കേന്ദ്രസർക്കാരിനെ താഴെയിറക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
എംകെ മുനീർ
ആർ എസ് എസ് രാജ്യത്തെ സമാന്തര പട്ടാളമായി മാറി. ഇപ്പോൾ അവരുടെ കൈയ്യിൽ വടിയും വാളുമേ ഉള്ളൂ. അഗ്നിപഥിലൂടെ ആർ എസ് എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങൾ മോദി കൊടുക്കുകയാണ്. നാഗ്പൂരിലെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള കളിപ്പാവകളാണ് മോഡിയും അമിത് ഷായും. കേരളത്തിലും നാം കാണുന്നത് ചരടുവലിയാണ്. അതിന്റെ അറ്റം മോദിയുടെ കൈകളിലാണ്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ഉയർത്തുന്നവരുടെ വീടുകളാണ് രാജ്യത്ത് ബുൾഡോസർ വെച്ച് തകർക്കുന്നത്. മുസ്ലീം സമുദായം പ്രതികരിച്ചാൽ അവരുടെ വീടുകൾ ഉൾപ്പെടെ തകർക്കും എന്നതാണ് കേന്ദ്രസർക്കാരിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പികെ കുഞ്ഞാലിക്കുട്ടി
ജനകീയ പ്രക്ഷോഭത്തിൽ ഏറ്റവും ക്ഷുഭിതവും സമര ചൂടിലും ഉള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. വംശ വെറിയിലേക്ക് ഇന്ത്യ പോകുമോ എന്ന ആശങ്കയിലാണ് ലോകത്തെ പല രാജ്യങ്ങളിലും ഉയരുന്നു. ലോകത്ത് മതേതര മൂല്യം ഉയർത്തിപ്പിടിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോഴും അതുണ്ട്. എങ്കിലും പ്രവാചക നിന്ദയിൽ ഇന്ത്യയുടെ നിലപാടിൽ പല ലോക രാജ്യങ്ങളും ഞെട്ടി. അഗ്നിപഥിൽ ഒരു പാട് കാര്യങ്ങൾ ഒളിച്ചു വെച്ചിട്ടുണ്ട്. ജാതീയത, വർഗീയത, ഉപജാതി വിഭാഗീയത എല്ലാമുണ്ട്. എതിർപ്പ് വന്നപ്പോൾ നിബന്ധനകൾ തോന്നിയത് പോലെ മാറ്റിയത് തന്നെ ഇത് തട്ടിപ്പാണെന്ന് തെളിയിച്ചു. ശരിയായ പ്രതിപക്ഷ ഐക്യം വന്നാൽ കേന്ദ്ര സർക്കാർ വീഴും. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിൽ തുടരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാൽ ബിജെപി ഭരണം വരില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനതാത്പര്യം ഉയർത്തിപ്പിടിക്കാത്ത സർക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളത്. രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ പീഡിപ്പിക്കുകയാണ്. യുഡിഎഫ് വലിയ സമര പരിപാടികൾ തുടങ്ങുന്നുണ്ട്. ശത്രുവിനെ എതിർക്കുമ്പോൾ ജനാധിപത്യപരവും നല്ല രീതിയിലുമാവണം എന്നതാണ് ലീഗ് നിലപാട്. പ്രതിപക്ഷത്തിന് സമരവീര്യം ഒട്ടും കുറവല്ല. സ്വർണ്ണക്കടത്ത് കേസിൽ യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.