ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രി ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആര്‍എൻ രവിക്ക് മുഖ്യമന്ത്രി കത്തയച്ചു. പിന്നാലെ ആര്‍എൻ രവി ദില്ലിക്ക് പോകുമെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കി. രാവിലെ ആറ് മണിക്ക് ദില്ലിക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നാളെ പൊന്മുടിയുടെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം. ദില്ലിക്ക് പോകുന്ന ഗവര്‍ണര്‍ ശനിയാഴ്ചയേ മടങ്ങൂവെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെയല്ലെങ്കിൽ ഈയാഴ്ച തന്നെ സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈയാഴ്ച സത്യപ്രതിജ്ഞ നടക്കില്ലെന്നാണ് ഗവര്‍ണറുടെ ദില്ലി യാത്രാ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
മന്ത്രിക്ക് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. പൊന്മുടി കുറ്റക്കാരനെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെ രാജിവച്ചിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഡിഎംകെ നേതാവായ പൊന്മുടി.