തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ച നേതാവാണ് കെ.കരുണാകരനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. കെ.പി.സി.സി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരന്റെ പന്ത്രണ്ടാമതു ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് പ്രസ്ഥാനത്തിന് അടിത്തറയിട്ട പ്രമുഖനായ നേതാവും ലീഡർ തന്നെയാണ്. 1967ലെ സപ്തകക്ഷി മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച മുസ് ലീം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിൽ ലീഡർ വഹിച്ചപങ്ക് വളരെ വലുതാണ്. ശരിയത്ത് നിയമം കത്തി നിന്നപ്പോൾ ഇ.എം.എസ് മുസ് ലീംലീഗിനെ വർഗീയ പാർട്ടിയായി ചിത്രീകരിച്ചു.
ഇടതുപക്ഷ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിലുള്ള പക തീർക്കാനാണ് മുസ് ലീംലീഗിനെതിരെ ഇ.എം.എസ് തിരിഞ്ഞത്. മുസ് ലീംലീഗിന്റെ മതേതര കാഴ്ചപ്പാടും വികസന താൽപര്യങ്ങളും തിരിച്ചറിഞ്ഞാണ് ലീഗിന് യു.ഡി.എഫിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ ലീഗ് യു.ഡി.എഫിന്റെ നിർണായക ശക്തിയായി മാറി. ലീഗുമായി സഖ്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എം.വി രാഘവൻ ബദൽ രേഖ അവതരിപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ സി.പി.എം പുറത്താക്കിയത്.
ലീഗ് പിളർന്നപ്പോൾ അതിലെ മുസ് ലീം എന്ന പദം ഒഴിവാക്കിയാൽ മാത്രമെ ഇടതു മുന്നണിയിൽ എടുക്കുകയുള്ളു ഇ.എം.എസ് സുലൈമാൻ സേട്ടിനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം ഐ.എൻ.എല്ലിന് രൂപം നൽകിയത്. ഇ.എം.എസിന്റെ അതേ നിലപാട് തന്നെയാണ് പിൽക്കാലത്ത് വി.എസ് അച്യുതാനന്ദനും പിണറായിയും തുടങ്ങിയ എല്ലാ സഖാക്കളും പിന്തുടർന്നത്.
ഒരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാട് പോലെയാണ് ഇപ്പോഴത്തെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗ് മതേതര പാർട്ടിയാണ് എന്ന് പറയുന്നത്. ഇ.എം.എസിന്റെ കാലം മുതൽ ലീഗിനെ വർഗീയ പാർട്ടി എന്ന് വിളിച്ച നിലപാട് തെറ്റാണെന്ന് ഏറ്റുപറയാൻ ഗോവിന്ദമാസ്റ്റർ തയാറാകുമോ എന്നും ഹസൻ ചോദിച്ചു. പുതിയ തലമുറയിലെ നേതാക്കളെ വാര്‍ത്തെടുക്കുന്നതില്‍ കരുണാകരന്‍ കാണിച്ച ആത്മാര്‍ത്ഥത തിരിച്ചറിയണമെന്നും ഹസന്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ലീഡറുടെ ഇടപെടല്‍ പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
കെ.പി.സി.സി ഭാരവാഹികളായ എന്‍.ശക്തന്‍, ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു,മര്യാപുരം ശ്രീകുമാര്‍, ജി.സുബോധന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,പത്മജാവേണുഗോപാല്‍, എന്‍.പീതാംബരക്കുറുപ്പ്, ടി.ശരത്ചന്ദ്ര പ്രസാദ്, വി.എസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍, പന്തളം സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ്, കെ.മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എ.വാഹിദ്, കെ.പി.കുഞ്ഞിക്കണ്ണന്‍, രഘുചന്ദ്രബാല്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.