കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് മുൻ മന്ത്രി എം.എം മണി. സ്വയബോധമുള്ളവർ പറയുന്ന കാര്യമല്ല ഹൈബിയുടെ ആവശ്യം. ഇത് പറഞ്ഞയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് പറയുന്നയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇല്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുന്നു. സെക്രട്ടേറിയറ്റ് മുതൽ സംസ്ഥാന സർക്കാരിന്റെ എല്ലാ കെട്ടിടങ്ങളും തിരുവനന്തപുരത്താണ്. ചുരുക്കത്തിൽ സ്വയബോധമുള്ളവർ പറയുന്നതല്ല ഹൈബിയുടെ ആവശ്യമെന്നും എം.എം മണി പരിഹസിച്ചു.
ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ കോൺഗ്രസിലും വിമർശനം ഉയർന്നിട്ടുണ്ട്. ഹൈബി ഈഡന്റെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ ട്വീറ്റ് ചെയ്തു. തലസ്ഥാനം ഇപ്പോൾ മാറ്റേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ എംപിയും പ്രതികരിച്ചു.