മുബൈ: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ മോഹൻ ഭാഗവത് ഇൻഡ്യയെ പിന്തുണക്കണമെന്ന് ശിവസേന( യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്. ഇന്ത്യയെ മുന്നോട്ട് പോകാൻ അനുവദിക്കാത്ത ചിലർ ഇവുടെയുണ്ടെന്നും അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള ആർ.എസ്.എസ് മേധാവിയുടെ പരാമർശത്തിന് മറുപടിയുമായാണ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്.”രാജ്യത്തിന്റെ ജനാധിപത്യം ഇന്ന് അപകടത്തിലാണ്. വ്യത്യസ്ത ആശയങ്ങൾ വഹിക്കുന്ന ആളുകൾ ഇൻഡ്യ സഖ്യത്തിൽ ചേരുകയും ഏകാധിപത്യത്തിനെതിരെ പോരാടാൻ ശ്രമിക്കുകയും ചെയ്യുന്നു. മോഹൻ ഭാഗവത് രാഷ്ട്രത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ ഇന്ത്യൻ സഖ്യത്തെ പിന്തുണക്കണം” – റാവുത്ത് പറഞ്ഞു.
ഇന്ത്യ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കാത്ത ചിലർ ഉണ്ടെന്നും അവർ സമൂഹത്തിൽ ചേരിതിരിവുകളും സംഘട്ടനങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അറിവില്ലായ്മ കൊണ്ടും മറ്റും നമ്മളും ചിലപ്പോൾ അതിൽ കുടുങ്ങുന്നുവെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിജയദശമി ഉത്സവത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആർ.എസ്.എസ് മേധാവി ഭാഗവത് പറഞ്ഞിരുന്നു. അനാവശ്യ ശല്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും ഇന്ത്യ പുരോഗമിച്ചാൽ പ്രശ്നമുള്ളവരാണ് തുടർച്ചയായി എതിർപ്പുമായി എത്തുന്നതെന്നും എതിർക്കുന്നതിന് വേണ്ടി പ്രത്യേക പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.