ലണ്ടൻ: കുരങ്ങുപനി (മങ്കി പോക്സ്) കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 108 പേർക്ക് സ്ഥിരീകരിച്ചു. ഇസ്രയേലിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തു. ഓസ്ട്രിയയിൽ ഒരാൾക്ക് രോഗം സംശയിക്കുന്നു. ഓസ്‌ലോയിൽ രോഗം പടരാനുള്ള സാധ്യതയെപ്പറ്റി നോർവേ മുന്നറിയിപ്പു നൽകി. നേരത്തേ ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച വരെ 12 രാജ്യങ്ങളിലായി 98 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 28 പേർക്ക് സാധ്യത സംശയിക്കുകയും ചെയ്തിരുന്നു. സമ്പർക്കം വഴിയാണ് പ്രധാനമായും രോഗം പടരുന്നത്.ഇസ്രയേലിൽ രോഗം റിപ്പോർട്ട് ചെയ്തതോടെ യൂറോപ്പിൽനിന്നു മധ്യപൂർവദേശത്തേക്കും രോഗം എത്തിയെന്നു വ്യക്തമായി. വിദേശത്തുനിന്നു മടങ്ങിയെത്തിയ ആൾക്കാണ് ഇസ്രയേലിൽ രോഗം കണ്ടെത്തിയത്. ഓസ്ട്രിയയിൽ വിയന്നയിലുള്ള ആൾക്കാണ് രോഗം സംശയിക്കുന്നത്.
കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം പടരുമെന്നു മുന്നറിയിപ്പു നൽകിയ ലോകാരോഗ്യ സംഘടന, ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിരീക്ഷണം ശക്തമാക്കി. രോഗവ്യാപനം ചർച്ച ചെയ്യാൻ ആഗോളതലത്തിൽ വിദഗ്ധർ വിഡിയോ യോഗം ചേർന്നു. കുട്ടികളിലും ഗർഭിണികളിലും രോഗം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കാനിടയുണ്ടെന്ന് അവർ പറഞ്ഞു. ഇതിനിടെ, യുഎസിലും യൂറോപ്പിലും രോഗം കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രോഗത്തിനെതിരെ ഏതു വാക്സീൻ പ്രയോജനപ്പെടും എന്നതിനെപ്പറ്റി പഠനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.