കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. രേഖകൾ എത്രയും കൈമാറണമെന്ന് നിർദ്ദേശിച്ച കോടതി കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് മാത്രമാണ് കോടതിയുടെ താൽപ്പര്യമുള്ളതെന്ന് പറഞ്ഞു. മോൻസനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്ന് കുറ്റപത്രം തയ്യാറായെന്നും സർക്കാർ വ്യക്തമാക്കി.
അതിനിടെ മോൻസൻ കേസിൽ ഹൈക്കോടതിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട മുൻ മജിസ്ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ കോടതി ഇടക്കാല ഉത്തരവിൽ റജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ വേണം നടപടിയെന്നും കോടതി വ്യക്തമാക്കി. ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി സമൻസ് നൽകിയിരുന്നെങ്കിലും സുദീപ് ഹാജരായില്ല. ഈ സമൻസ് കോടതി റദ്ദാക്കി. ജഡ്ജിയെ വിമർശിച്ച് സ്വയം രക്തസാക്ഷിയാകാനാണ് സുദീപ് ശ്രമിക്കുന്നതെന്നും അന്വേഷണം തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.