തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥരും അവരുടെ ഓഫിസിനടുത്തുതന്നെ ഏത് സമയത്തും ലഭ്യമാകുന്ന വിധത്തിൽ താമസം കണ്ടെത്താൻ നിർദേശം. മുഴുവൻ താലൂക്കുകളിലും ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായെന്നും അവലോകന യോഗത്തിൽ അറിയിച്ചു.
അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാൻ ജില്ല കലക്ടർക്ക് മാത്രമല്ല അധികാരമുള്ളതെന്ന് യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അപകടാവസ്ഥയിലുള്ള മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റാനുള്ള അധികാരമുണ്ട്. ദുരന്തനിവാരണത്തിന് 25,000 രൂപവരെ അനുവദിക്കാൻ വില്ലേജ് ഓഫിസർക്ക് അധികാരം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിക്കുമ്പോൾ കഴിവതും തലേദിവസംതന്നെ അറിയിപ്പുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.
കാലാവസ്ഥ മുന്നറിയിപ്പുകൾ ഓരോ മണിക്കൂർ ഇടവിട്ട് സമൂഹമാധ്യമങ്ങൾ വഴി കലക്ടർമാർ ജനങ്ങളെ അറിയിക്കണം. നിലവിൽ സംസ്ഥാനത്ത് ആശങ്കയുടെ കാര്യമില്ല. എങ്കിലും നല്ല ജാഗ്രത പുലർത്തണം. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. ജില്ലതല, താലൂക്കുതല കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. എല്ലാ വില്ലേജ് ഓഫിസർമാരുടെയും മൊബൈൽ നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. ജില്ല കലക്ടർമാർ കാലാവസ്ഥ അലർട്ടുകൾ മാത്രം ആശ്രയിക്കരുതെന്നും അലർട്ടുകൾ മണിക്കൂറുകൾക്കുള്ളിൽ മാറിമറിയുമെന്നും മന്ത്രി ഓർമിപ്പിച്ചു.
സ്ഥലം മാറ്റത്തിനുശേഷം പല ഡോക്ടർമാരും ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. കോട്ടയം ജില്ലയിലും മലയോര മേഖലയിലേക്കും വെള്ളച്ചാട്ട സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു അണക്കെട്ടിലും അപകടകരമായ അവസ്ഥയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ജില്ലതല ഉദ്യോഗസ്ഥർ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമീഷണർ എ. കൗശികൻ, ജോയന്റ് കമീഷണർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 0471 2580510, 508
തിരുവനന്തപുരം 0471 2472302/ 2472732
കൊല്ലം 0474 2792957
ആലപ്പുഴ 0477 2252908
പത്തനംതിട്ട 0469 2600181
ഇടുക്കി 0486 2222996
കോട്ടയം 0481 2583095
എറണാകുളം 0484 2422210
തൃശൂർ 0487 2360810
മലപ്പുറം 0483 2734888
പാലക്കാട് 0491 2505469
കോഴിക്കോട് 0495 2722297
വയനാട് 0493 6202593
കണ്ണൂർ 0497 2705149
കാസർകോട് 04994 255033