കോഴിക്കോട് ∙ രണ്ടു മാസത്തെ പരിശ്രമത്തിനു ശേഷം കസൗലി കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധനാ സർട്ടിഫിക്കറ്റ് ലഭ്യമായതോടെ 49400 വയ്‌ൽ ഇക്വിൻ ആന്റി റേബീസ് വാക്സീൻ കേരളത്തിലേക്ക്. ഇന്നു പുലർച്ചെ തിരുവനന്തപുരം, എറണാകുളം സംഭരണ കേന്ദ്രങ്ങളിൽ റേബീസ് വാക്സീൻ എത്തുന്നതോടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.ഓഗസ്റ്റ് 17ന് നൽകിയ പർച്ചേസ് ഓർഡർ പ്രകാരമുള്ള വാക്സീനാണ് എത്തുന്നത്. രണ്ടു മാസം മുൻപേ കേരളത്തിനു വേണ്ട വാക്സീൻ ഉൽപാദനം പൂർത്തീകരിച്ചെങ്കിലും കേന്ദ്ര ലാബിന്റെ പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കാതെ വിട്ടു നൽകില്ലെന്ന നിലപാടിലായിരുന്നു വിൻസ് ബയോ പ്രോഡക്ട്സ് എന്ന കമ്പനി.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പ്രതിനിധികൾ ഇടയ്ക്കിടെ സിഡിഎലിൽ ബന്ധപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനിടെ വാക്സീൻ ക്ഷാമം രൂക്ഷമായി.
കഴിഞ്ഞയാഴ്ച ഒടുവിൽ സംസ്ഥാനത്ത് ആകെ 800 വയ്‌ലിൽ താഴെ വാക്സീൻ മാത്രമാണ് ഉണ്ടായിരുന്നത്. അടിയന്തര പ്രാധാന്യം ചൂണ്ടിക്കാട്ടി സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്നാണ് 18680 വയ്‌ൽ വീതമുള്ള നാലു ബാച്ചുകളുടെയും സർട്ടിഫിക്കറ്റ് ഇന്നലെ നൽകിയത്. ഇതിൽ നിന്നാണു സംസ്ഥാനത്തേക്കുള്ള വാക്സീൻ ഇന്ന് എത്തിക്കുക.
കെഎംഎസ്‌സിഎൽ ഡയറക്ടർ ബോർഡ് തീരുമാന പ്രകാരം അടുത്ത രണ്ടു മാസം കഴിഞ്ഞ് ആവശ്യം വന്നേക്കാവുന്ന വാക്സീനു വേണ്ടിയും ഉടൻ ഓർഡർ നൽകുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2022–23 വർഷത്തേക്ക് നൽകിയ ഓർഡറിൽ 2500 വയ്‌ൽ ഒഴിച്ചുള്ളത് കേരളത്തിൽ എത്തിച്ചു കഴിഞ്ഞു. ഇതിനു പുറമേ 1.40 ലക്ഷം വയ്‌ൽ അധികമായി സംഭരിക്കാനാണു ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുന്നത്.