റിയാദ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖസ്റയിൽ കാർ മറിഞ്ഞ് മരിച്ച മലപ്പുറം ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശയുടെ (മൂന്ന്) മൃതദേഹം ത്വാഇഫിൽ ഖബറടക്കി. ത്വാഇഫ് അബ്ദുല്ലാഹിബ്നു അബ്ബാസ് മസ്ജിദ് മഖ്ബറയിലാണ് ഖബറടക്കിയത്. ഇതേ അപകടത്തിൽ മരിച്ച മലപ്പുറം കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്തിന്റെ (32) മൃതദേഹം നാട്ടിൽ കൊണ്ടുപോയി.
അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. അൽ ഖസ്റ, അൽ ഖുവയ്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന എല്ലാവരെയും തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. പെരുന്നാൾ അവധിക്ക് ജിദ്ദയിൽനിന്ന് റിയാദിലേക്ക് വരുകയായിരുന്ന മലയാളി കുടുംബങ്ങൾ സഞ്ചരിച്ച രണ്ട് കാറുകളിലൊന്ന് മറിഞ്ഞാണ് അപകടമുണ്ടായത്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹമീദ് പെരുവള്ളൂർ, ത്വഇഫ് കെ.എം.സി.സി ഭാരവാഹികൾ, ജലീൽ റുവൈദ എന്നിവർ അനന്തര നടപടികളുമായി ബന്ധുക്കളെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.