ന്യൂഡൽഹി : ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പോലീസുകാരെ കൊലപ്പെടുത്തിയ സമരക്കാർ രണ്ട് പേരുടെ തലവെട്ടിയെടുത്തു. എൽപിജി വിലവർധന സർക്കാർ പിൻവലിച്ചിട്ടും പ്രതിഷേധക്കാർ പിന്മാറിയിട്ടില്ല.എൽപിജി വില നിയന്ത്രണം സർക്കാർ എടുത്തു കളഞ്ഞതോടെയാണ് മധ്യ ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ കലാപം തുടങ്ങിയത്. വാഹനങ്ങളിൽ വ്യാപകമായി എൽപിജി ഉപയോഗിക്കുന്ന രാജ്യത്ത് വില ഇരട്ടി ആയതോടെ ജനക്കൂട്ടം തെരുവിലിറങ്ങി. സമരം അതിവേഗം കലാപമായി. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചു കൊന്നു. ആൽമറ്റിയിൽ പോലീസ് ആസ്ഥാന മന്ദിരം ആക്രമിച്ച സമരക്കാർക്ക് നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് സൈന്യം വെടിയുതിർത്തു. 13 പോലീസുകാരെ കൊലപ്പെടുത്തിയ പ്രക്ഷോഭകാരികൾ രണ്ട് ഉദ്യോഗസ്ഥരുടെ തല വെട്ടി മാറ്റി. കഴിഞ്ഞ ദിവസം മാത്രം 353 പോലീസുകാർക്ക് പരിക്കുണ്ട്.
ആയിരത്തോളം പേർ ആശുപത്രിയിലായി. 24 മണിക്കൂറിൽ 2000 പേർ അറസ്റ്റിലായി. എൽ പി ജി വിലവർധന പിൻവലിച്ചെന്നും പ്രധാനമന്ത്രി രാജി നൽകിയെന്നും പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയോവ് പ്രഖ്യാപിച്ചിട്ടും സംഘർഷം പടരുകയാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട സമരക്കാർ ആൽമറ്റി നഗരത്തിന്റെ മേയറുടെ വീടും കത്തിച്ചു. പോലീസിന്റെ വൻ ആയുധശേഖരം ജനക്കൂട്ടം പിടിച്ചെടുത്തു. പ്രക്ഷോഭകാരികൾ കയ്യേറിയ ആൽമറ്റി വിമാനത്താവളം സൈന്യം തിരികെ പിടിച്ചു. രാജ്യമാകെ ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ ജനങ്ങളോട് പുരത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.
മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങളുടെ സംയുക്ത സേന കസാഖിസ്ഥാനിൽ എത്തി. പ്രസിഡന്റിന്റെ അഭ്യർത്ഥന പ്രകാരമാണിത്. സമരക്കാർക്കിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി സർക്കാർ ആരോപിക്കുന്നു. എന്നാൽ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്ത് ഇപ്പോഴത്തെ ഭരണാധികാരികളോടുള്ള ജനകീയ എതിർപ്പാണ് ഈ കലാപത്തിൽ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തലുണ്ട്. ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നു ശതമാനം കൈവശമുള്ള എണ്ണ സമ്പന്ന രാജ്യത്താണ് ഇന്ധനവിലയുടെ പേരിൽ കലാപം നടക്കുന്നത്.