ന്യൂഡൽഹി ∙ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്പി എംപി അഫ്സൽ അൻസാരിയെ നാലു വർഷം തടവിനു ശിക്ഷിച്ച് ഉത്തർപ്രദേശിലെ എംപി–എംഎൽഎ കോടതി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇതേ കേസിൽ അഫ്സലിന്റെ സഹോദരനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരിക്ക് 10 വർഷം തടവുശിക്ഷയും 5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.നാല് വർഷം തടവിനു ശിക്ഷിച്ചതോടെ അഫ്സൽ അൻസാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാർലമെന്റ് ചട്ടങ്ങൾപ്രകാരം, രണ്ടു വർഷമോ അതിൽ കൂടുതലോ തടവിനു ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടുമെന്നതിനാൽ അഫ്സൽ അൻസാരിയുടെ ലോക്സഭാ അംഗത്വം നഷ്ടപ്പെടും.
‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തി, രണ്ടു വർഷം തടവിനു ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇതേ ചട്ടപ്രകാരം എംപി സ്ഥാനം നഷ്ടമായിരുന്നു.ഉത്തർപ്രദേശിൽ മാഫിയാഭരണം അവസാനിച്ചെന്നും ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും കൊല്ലപ്പെട്ട ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ പറഞ്ഞു. 2005ൽ ഗാസിപുരിൽവച്ചാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെട്ടത്.