ഇൻഡോർ: രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി കടകളിലും മാളുകളിലും ക്ഷേത്രത്തിന്റെ ചെറുമോഡലുകൾ സ്ഥാപിക്കണമെന്ന ഭീഷണിയുമായി ഇൻഡോർ മേയർ. സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്നും മേയർ പുഷ്യാമിത്ര ഭാർഗവ് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.‘ക്രിസ്മസിന് മാളുകളിലും റെസ്റ്റോറന്റുകളിലും ക്രിസ്മസ് ട്രീയും സാന്താക്ലോസും സ്ഥാപിക്കാമെങ്കിൽ, രാമക്ഷേത്ര ഉദ്ഘാടന ദിവസം ക്ഷേത്ര മാതൃക സ്ഥാപിക്കുന്നതിന് എന്താണ് തടസ്സം? ഒരു കാരണവുമില്ലാതെ ആരെങ്കിലും ഇതുമായി സഹകരിക്കാതിരുന്നാൽ ഇൻഡോറിലെ പൗരന്മാർ അവരെ പാഠം പഠിപ്പിക്കും’ -അദ്ദേഹം ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.“ഇത് രാം ജിയുടെ, രാമരാജ്യത്തിന്റെ സൃഷ്ടിയാണ്. ക്ഷേത്രമാതൃകകൾ സ്ഥാപിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല’ -മേയർ ഭാർഗവ് കൂട്ടിച്ചേർത്തു. ഇതിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. രാമക്ഷേത്രരൂപമോ സാന്താക്ലോസോ സ്ഥാപിക്കാൻ ആരെയും നിർബന്ധിക്കരുതെന്നും അത് സ്വേച്ഛാധിപത്യത്തിന്റെ തെളിവാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടി.