ജബൽപൂർ: മദ്യലഹരിയിൽ സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്പെൻഷൻ. റെയിൽവേ ജീവനക്കാരൻ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. ജബൽപൂർ റെയിൽവേ ഡിവിഷണിലെ മെക്കാനിക്കൽ ജീവനക്കാരനാണ് സസ്പെൻഷൻ ലഭിച്ചത്.
ആഗസ്റ്റ് ഒമ്പതിന് ട്രെയിനിന്റെ ബി6 കോച്ചിലായിരുന്നു സംഭവം. പുതിയ പെൻഷൻ പദ്ധതിക്കെതിരെ ഡൽഹി നടക്കുന്ന സമരത്തിൽ പങ്കെടുക്കാനായാണ് ഇയാൾ ട്രെയിനിൽ കയറിയത്. തുടർന്ന് മദ്യലഹരിയിൽ ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഇതിനിടക്ക് കോച്ചിനുള്ളിൽ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു.
യാത്രക്കാർ ഇയാൾ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ പകർത്തി പങ്കുവെച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ റെയിൽവേ തീരുമാനിച്ചു. നേരത്തെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.