തിരുവനന്തപുരം : എംപി ഓഫിസ് ആക്രമണക്കേസിൽ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങൾ ആരായും. അക്രമണ സാധ്യത മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതിൽ സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ച്ചയുണ്ടായോ എന്നതും പരിശോധിക്കും. അതേസമയം പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ എസ്എഫ്‌ഐ ജില്ലാ കമ്മറ്റി ഇന്ന് യോഗം ചേരും.
എംപി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എഡിജിപിയുടെ നീക്കം. ആക്രമണ സംഭവങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കും. സാക്ഷിമൊഴികൾ വിലയിരുത്തും. സസ്‌പെൻഷനിലായ കൽപ്പറ്റ ഡി വൈ എസ്പിയടക്കം സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ആരായും. തുടർന്നാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്ന സ്ഥിതിക്ക് വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം സമരം അക്രമാസക്തമായതിനെ കുറിച്ച് പഠിക്കാൻ എസ്എഫ്‌ഐ സംസ്ഥാന നേതാക്കൾ ഇന്ന് ജില്ലയിലെത്തും. സംസ്ഥാന പ്രസിഡന്റ് അനുശ്രീയ്ക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ കേസിൽ റിമാൻഡിലായ സാഹചര്യത്തിൽ സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ പുറത്തുള്ളവരിൽ നിന്ന് വിവരവിവരങ്ങൾ തേടും. പ്രധാന ഭാരവാഹികളിൽ നിന്നടക്കം വിവരം ശേഖരിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.