തിരുവനന്തപുരം ∙ മൃതസഞ്ജീവനി പദ്ധതിപ്രകാരം നടക്കേണ്ട അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വലിയ കുറവ്. 2016നുശേഷം ശസ്ത്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി തുടർച്ചയായി നോട്ടിസ് അയയ്ക്കുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയകൾ കുറഞ്ഞതെന്ന് അധികൃതർ പറയുന്നു.
സർക്കാരാകട്ടെ, ഡോക്ടർമാരെയും ആശുപത്രികളെയും പിന്തുണയ്ക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 2012 മുതൽ 2015വരെ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം ഓരോ വർഷവും വർധിച്ചു. 2012(22), 2013(88), 2014(156), 2015(218). 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. 2016ൽ നടന്നത് 199 അവയവമാറ്റ ശസ്ത്രക്രിയ. 2017(60), 2018(29), 2019(55), 2020(70), 2021(49), 2022(50). 2012 മുതൽ 2022 ഡിസംബർവരെ നടന്നത് 996 ശസ്ത്രക്രിയ.
അവയവം ലഭിക്കാനായി സംസ്ഥാനത്ത് ഒട്ടേറെ രോഗികളാണ് കാത്തിരിക്കുന്നത്. വൃക്ക ലഭിക്കാനായി 2,246 പേരും കരളിനായി 755 പേരും ഹൃദയത്തിനായി 51 പേരും മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. എന്നാൽ, ഈ വർഷം 22 പേർക്കു മാത്രമാണ് വൃക്ക നൽകാനായത്. 11 പേർക്ക് കരളും 6 പേർക്ക് ഹൃദയവും നൽകി. ഏറ്റവുമധികം അവയവമാറ്റ ശസ്ത്രക്രിയ നടന്ന 2015ൽ 132 പേർക്കാണ് വൃക്ക മാറ്റിവച്ചത്. 44 പേരുടെ കരളും 6 പേരുടെ ഹൃദയവും മാറ്റിവച്ചു.
2016 മുതലാണ് ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ സ്വകാര്യ വ്യക്തി നിയമനടപടികൾ ആരംഭിച്ചതെന്നു മൃതസഞ്ജീവനി പദ്ധതിയുമായി ബന്ധപ്പെട്ടവർ പറയുന്നു. മസ്തിഷ്ക മരണം സംഭവിച്ചാൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തെറ്റായ രീതിയിലാണെന്നാണു ഇദ്ദേഹത്തിന്റെ പരാതി. ഹൈക്കോടതി ഈ വാദങ്ങൾ തള്ളി. നിലവിൽ സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധമില്ലാത്ത 4 ഡോക്ടർമാരുടെ വിദഗ്ധ സമിതിയാണ് പരിശോധനകൾക്കുശേഷം മസ്തിഷ്കമരണം സംഭവിച്ചതായി സർട്ടിഫിക്കറ്റ് നൽകുന്നത്.
6 മണിക്കൂർ ഇടവേളയിൽ 2 തവണ പരിശോധിക്കണം. ഇതിനായി 2020ൽ കേരള സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ന്യൂറോ മേഖലയിൽനിന്നടക്കമുള്ള ഡോക്ടർമാരാണ് അവരുടെ ജോലിത്തിരക്കിനിടയിൽ ഈ പരിശോധന നടത്തുന്നത്. സമ്മർദം വരുന്നതിനാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ നൂലാമാലകളിൽപെടാൻ മിക്ക ഡോക്ടർമാർക്കും താൽപര്യമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.