മലപ്പുറം: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി നിർമ്മാണം. തടസ്സപ്പെട്ടതിനെതുടര്‍ന്ന് ജനുവരി 25 മുതല്‍ 28 വരെ നടക്കേണ്ടിയിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനം. ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.എന്‍.എം മര്‍കസുദഅ്‌വ സംയുക്ത കൗണ്‍സില്‍ തീയതി മാറ്റത്തിന് അംഗീകാരം നൽകി. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ കരിപ്പൂരിലെ 40 ഏക്കറോളം വിശാലമായ സമ്മേളന നഗരിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും പന്തല്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ജനുവരി 17വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് തിയ്യതിയില്‍ മാറ്റം വരുത്തേണ്ടി വന്നത്. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ക്ക് സമ്മേളനം വീക്ഷിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും സൗകര്യപ്പെടുന്ന പ്രധാന പന്തലിനു പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയം, ഭക്ഷണ വിതരണഹാള്‍, കിച്ചണ്‍, ഗെസ്റ്റ്‌റും, ഓഫിസ് എന്നിവയും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന ദി മേസേജ് സയന്‍സ് എക്‌സിബിഷനുവേണ്ടി വിശാലമായ എയര്‍ കണ്ടീഷന്‍ഡ് പന്തൽ നിര്‍മിക്കുന്നുണ്ട്. കിഡ്‌സ് പോര്‍ട്ട് പവലിയനില്‍ മിനി പാര്‍ക്ക് ഉള്‍പ്പെടെ വിപുലമായ സൗകര്യം ഒരുക്കും. പുതുക്കിയ സമ്മേളന തിയ്യതിക്കനുസൃതമായി കാര്‍ഷിക മേള ഫെബ്രുവരി ഒൻപതു മുതല്‍ 18 വരെയും സയന്‍സ് എക്‌സിബിഷന്‍ ഫെബ്രുവരി ഒൻപതു മുതല്‍ 16 വരെയും കിഡ്‌സ് പോര്‍ട്ട് ഫെബ്രുവരി പത്തു മുതല്‍ 18 വരെയും ബുക്സ്റ്റാള്‍ജിയ ബുക്‌ഫെയര്‍ ഫെബ്രുവരി ഒൻപതു മുതല്‍ 18 വരെയും ഖുർആൻ പഠന സീരീസ് ഫെബ്രുവരി നാലു മുതല്‍ 14 വരെയും മാറ്റി നിശ്ചയിച്ചു.