ചെന്നൈ: കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി പുതിയ ഡാം നിർമിക്കുമെന്ന കേരളത്തിന്‍റെ നിലപാട് സുപ്രീംകോടതി വിധിക്കെതിരാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ. തമിഴ്നാടിന്റെ അവകാശം ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഡാമിന് ബലമുണ്ടെന്നും പുതിയ ഡാം നിർമിക്കേണ്ടതില്ലെന്നുമുള്ള 2014 മേയ് ഏഴിലെ സുപ്രീംകോടതി വിധിയെ മാനിക്കാത്ത നടപടിയാണിത്. പുതിയ ഡാം നിർമിക്കണമെന്ന ആവശ്യം തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്നും ദുരൈമുരുകൻ വ്യക്തമാക്കി.തമിഴ്നാടിനാവശ്യമായ ജലം ലഭ്യമാക്കുന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പരിശ്രമം നടത്തുമെന്നുമായിരുന്നു ഗവർണറുടെ വെള്ളിയാഴ്ചത്തെ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഏതൊരു സാഹചര്യത്തിലും കേരള സർക്കാറുമായി തമിഴ്നാട് ചർച്ച നടത്തരുതെന്ന് പാട്ടാളി മക്കൾ കക്ഷി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അൻപുമണി രാമദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.