ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണി മുതൽ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടർ കൂടാതെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് തമിഴ്നാട് അറിയിച്ചത്. സെക്കന്റിൽ 2099 ഘനയടി വെള്ളം ഒഴുക്കും. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. രാത്രി അണക്കെട്ട് തുറക്കുന്നതിനെതിരെ കേരളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തമിഴ്നാട് ഇന്നും വൈകിട്ട് കൂടുതൽ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫ് സത്യവാങ്മൂലം നൽകി. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
അതേ സമയം മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രി വെള്ളം തുറന്നുവിട്ടിട്ടും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇന്നും ഒരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ല. സുപ്രീം കോടതിയെ ഇന്ന് തന്നെ പരാതി അറിയിക്കുമെന്ന ജലവിഭവമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വരി പ്രസ്താവന പോലും ഇറക്കിയിട്ടുമില്ല. ഇന്നലെ രാത്രിയിലേതടക്കം രണ്ട് മാസത്തിനിടെ തമിഴ്നാട് ഒരു മുന്നറിയിപ്പും ഇല്ലാതെ വെള്ളം തുറന്ന് വിട്ടത് അഞ്ച് തവണയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിയും ഒരു തവണ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ഫോണിൽ വിളിച്ച് ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. എന്നിട്ടും തമിഴ്നാട് മുന്നറിയിപ്പില്ലാതെ രാത്രിയിൽ വെള്ളം തുറന്ന് വിടുന്നത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില പോലും കല്പിക്കാതെ തമിഴ്നാട് തോന്നുംപടി വെള്ളം തുറക്കുമ്പോൾ കേരള സർക്കാറിന് അനക്കമില്ല. ജലവിഭവമന്ത്രി പതിവ് അപലപിക്കൽ ആവർത്തിക്കുമ്പോൾ അന്തർസംസ്ഥാനവ നദീജലം സ്വന്തം വകുപ്പായിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്.