ഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിൽ ആരാധകർ അതിക്രമിച്ചു കയറിയത് വലിയ വാർത്തയായിരുന്നു. പുലർച്ചെ 3 മണിയോടെ വീട്ടിൽ കയറിയ ഇവരെ തൊട്ടടുത്ത ദിവസം10.30നാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്.ഷാറൂഖ് ഖാനെ കാണാൻ വേണ്ടിയായിരുന്നു ഈ സാഹസം.
ആരാധകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ , മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണമെന്ന് ഷാറൂഖ് ഖാനോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നടന്റെ സുരക്ഷയെ കരുതിയാണെന്നും വസതിയിൽ മോഷണമോ മറ്റു അസ്വഭാവികമായതെന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും അറിയാൻ വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് സോഴ്സിനെ ഉദ്ധരിച്ച് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 2നാണ് ഗുജറാത്ത് സ്വദേശികളായ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്വാഹ എന്നിവരെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഹൗസ് കീപ്പിങ്ങിലെ ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടത്. മതില്‍ ചാടികടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ടപ്പോള്‍ ഷാരൂഖ് ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു. ഭവനഭേദനത്തിനടക്കം ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.