തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര് ആര്യനാട് പൊലീസിന്റെ കസ്റ്റഡിയില്‍. വെള്ളനാട് കൂവക്കുടിയില്‍ ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. വെള്ളനാട് കൂവക്കുടി ലക്ഷം വീട് കോളനിയില്‍ അരുണി (25)നെയാണ് രണ്ടംഗ സംഘം അക്രമിച്ചത്. ഇത് തടയാനെത്തിയ മാതാവ് ലക്ഷ്മിയമ്മ(55)യെയും സംഘം അക്രമിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമണം നടന്നത്. കൂവക്കുടിയില്‍ ഫോണ്‍ ചെയ്ത് കൊണ്ട് നില്‍ക്കുകയായിരുന്ന അരുണിനെ രണ്ടംഗ സംഘം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കത്തിയും കൊണ്ട് അക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ രക്ഷപെടുന്നതിനിടെ അക്രമികളില്‍ ഒരാള്‍ക്ക് നിലത്ത് വീണ് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 25,000 രൂപ വാങ്ങിയാണ് അരുണിനെ ആക്രമിക്കാന്‍ വന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റ അരുണിനെയും മാതാവിനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അക്രമികളിലൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.