തിരുവനന്തപുരം: ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രായേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്‍ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം വേദനാജനകമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സയണിസ്റ്റ് ഭീകരര്‍ ഫലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും അറുകൊല ചെയ്യുമ്പോള്‍ പോലും ഇസ്രായേലിനെ ന്യായീകരിക്കാനുള്ള വേദിയായി മുസ്‍ലിം ലീഗിന്റെ സമ്മേളനം മാറിയത് അപലപനീയമാണ്.
രാജ്യാന്തര ശ്രദ്ധനേടുന്ന മനുഷ്യാവകാശ സമ്മേളനം എന്ന് ലീഗ് കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയില്‍ ശശി തരൂര്‍ നടത്തിയ ഇരട്ടത്താപ്പിനോട് വിയോജിക്കാനോ ആ നിലപാട് ലീഗിന്റേതല്ല എന്ന് വ്യക്തമാക്കാനോ ലീഗ് നേതൃത്വം തയാറായില്ല. ഫലസ്തീനികളോട് ഐക്യപ്പെട്ട് ഒരുമിച്ച് കൂടിയവരുടെ മുമ്പില്‍ ഇസ്രായേലിന്റെ ന്യായം പഠിപ്പിച്ചുകൊടുക്കുന്ന രീതി വോട്ട് ബാങ്ക് മുന്നില്‍ കണ്ടുകൊണ്ട് ശശി തരൂര്‍ നടത്തിയ കപട നാടകം കൂടിയാണ്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇ. അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായിരുന്ന സമയത്തും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെട്ടിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇസ്രായേല്‍ ന്യായീകരണ സമ്മേളനമായി മാറിയതിലൂടെ മുസ്‍ലിം ലീഗിന്റെ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ് വ്യക്തമാകുന്നതെന്നും അഷ്‌റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.