ലക്നൗ: ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു എന്ന പരാതിയിൽ മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്. മാസങ്ങൾക്ക് മുമ്പ് താൻ വിവാഹം ചെയ്ത മുസ്ലിമായ ഭാര്യയും അവരുടെ ബന്ധുക്കളും മതംമാറ്റാൻ സമ്മർദം ചെലുത്തുവെന്ന 26കാരനായ ഹിന്ദു ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. മതം മാറിയില്ലെങ്കിൽ ജീവനൊടുക്കുമെന്നും അതിന്റെ കുറ്റം തന്റെമേല്‍ ചാർത്തുമെന്നും പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തുന്നതായി അലിഗഢ് പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
ഫരീദ്പുർ സ്വദേശിയായ അജയ് കുമാർ സിങ്ങിന്റെ പരാതിയിൽ മുസ്കാൻ, മാതാവായ ഷെഹൻഷാ, പിതാവായ യൂനുസ് അലി, സഹോദരൻ ഫർഖുവാൻ അലി, ബന്ധുവായ സുഹേൽ ഖാൻ എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. പ്രണയത്തിലായിരുന്ന അജയ് കുമാർ സിങ്ങും ജുല്ലുപുർ സ്വദേശിയായ മുസ്കാനും കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് ഡിസംബറിലായിരുന്നു വിവാഹിതരായതെന്ന് പൊലീസ് പറയുന്നു.ഡിസംബറിൽ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അജയ് സിങ്ങിനെതിരെ മുസ്കാന്റെ ബന്ധുക്കള്‍ അക്ബറാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കോടതി കേസ് പരിഗണിക്കവെ, സ്വന്തം ഇഷ്ടപ്രകാരമാണ് അജയ് സിങ്ങിനെ വിവാഹം ചെയ്തതെന്ന് മുസ്കാൻ മൊഴി നല്‍കി. പിന്നാലെ കോടതി കേസ് തള്ളുകയായിരുന്നു.
‘യുവാവിന്റെ പരാതിയിൽ ഭാര്യയ്ക്കും നാല് ബന്ധുക്കൾക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. പരാതി സംബന്ധിച്ച് അന്വേഷിക്കുകയാണ്. പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും’-അലിഗഢ് ബാർല പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സർജന സിങ് പറഞ്ഞു. പരാതിയുമായി യുവാവ് ആദ്യം സമീപിച്ചത് കർണിസേനാ ദേശീയ വൈസ് പ്രസിഡന്റ് ഗ്യാനേന്ദ്ര സിങ് ചൗഹാനെയായിരുന്നു. തുടർന്ന് ഇവർ പരാതി പൊലീസിന് കൈമാറി.
വീട്ടിൽ മാംസം പാകം ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് 26ന് വീട്ടിൽ വാക്കുതർക്കമുണ്ടായതായി അജയ് കുമാർ സിങ് തന്നോട് പറഞ്ഞതായി ഗ്യാനേന്ദ്ര സിങ് പറയുന്നു. ചൈത്ര നവരാത്രിയിൽ വീട്ടിൽ ഇറച്ചി പാകം ചെയ്യരുതെന്ന് അജയ് ഭാര്യയോട് പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.അലിഗഡ് പോലീസ് സെക്ഷൻ 295, 295A, 298, ഐപിസി 506 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർജന സിങ്ങിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ദമ്പതികളെ വിളിച്ച് അവർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടതായും യുവതിയും ബന്ധുക്കളും മതംമാറുന്നതിന് സമ്മർദം തുടർന്നാൽ പൊലീസ് നടപടിയെടുക്കുമെന്നും സർജന സിങ് പറഞ്ഞു.












