മുതലമട : ചപ്പക്കാട് മൊണ്ടിപതി പന്തപ്പാറ വനഭൂമിയിലെ ആലാംപാടി തോടിനരികിൽ കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടി ശാസ്ത്രീയപരിശോധനയ്ക്കായി കൊണ്ടുപോയി. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ജില്ലാശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് തൃശ്ശൂരിലെ റീജണൽ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകും.
കണ്ടെത്തിയ തലയോട്ടി ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് കാണാതായ സാമുവൽ (സ്റ്റീഫൻ-28), അയൽവാസി മുരുകേശൻ (28) എന്നിവരുടെ ഡി.എൻ.എ.യുമായി ഒത്തുനോക്കുമെന്ന് ഡിവൈ.എസ്.പി. സി. സുന്ദരൻ പറഞ്ഞു. ഇതിനായി കാണാതായ യുവാക്കളുടെ ബന്ധുക്കളുടെ സ്രവം പരിശോധനയ്ക്ക് എടുക്കും.
തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് ജില്ലാ വിരലടയാള ബ്യൂറോയിലെ ഫിംഗർ പ്രിന്റ് സെർച്ചർ സൗമ്യ ഫ്രാൻസി, ഫോട്ടോഗ്രാഫർ ഇജാസ് അഹമ്മദ്, ജില്ലാ ക്രൈം ബ്രാഞ്ച് സയന്റിഫിക് ഓഫീസർ മുഹമ്മദ് ഹാഷിൻ, അസി. ടി.വി. അനുനാഥ്, ഡോഗ് സ്ക്വാഡിലെ നായ റോക്കി, പരിശീലകൻ സുനൂപ് രാജ്, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തി.
വന്യമൃഗങ്ങൾ കൊണ്ടുവന്നിട്ടതാവാം എന്ന് നിഗമനം
തലയോട്ടി കണ്ടെത്തിയ സ്ഥലത്തിനു സമീപപ്രദേശങ്ങളിൽ പോലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും അസ്ഥികൂടമോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചെങ്കുത്തായ സ്ഥലത്തുകൂടിയുള്ള അരുവിക്കു സമീപത്തെ പാറയിൽ തലയോട്ടി എത്തിയത് വന്യമൃഗങ്ങൾ മറ്റുസ്ഥലങ്ങളിൽനിന്ന് കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. വനഭൂമിയോട് ചേർന്നുള്ള സ്ഥലത്ത് പുളിപറിക്കാൻ പോയ മൂച്ചങ്കുണ്ട് സ്വദേശി അയ്യപ്പനാണ് തലയോട്ടി കണ്ടത്. തുടർന്ന് സാമുവലിന്റെയും മുരുകേശന്റെയും കുടുംബക്കാർ കൊല്ലങ്കോട് പോലീസിൽ വിവരമറിയിച്ചു. പോലീസ് ശനിയാഴ്ച വൈകീട്ട് സ്ഥലത്തെത്തി കാവലേർപ്പെടുത്തിയിരുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റ് 30 മുതൽ കാണാതായ യുവാക്കൾക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് തലയോട്ടി പ്രദേശത്തുനിന്ന് കണ്ടെടുക്കുന്നത്. മൊണ്ടിപ്പതി പന്തപ്പാറയിൽനിന്ന് രണ്ടര കിലോമീറ്ററോളം നടന്നെങ്കിൽ മാത്രമേ തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് എത്തുകയുള്ളു. ഈ ഭാഗത്ത് ശ്മശാനങ്ങൾ ഇല്ലാത്തതിനാൽ ദുരൂഹതയേറുകയാണ്. തലയോട്ടി കണ്ട സ്ഥലത്ത് ഞായറാഴ്ച രാവിലെ കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ സി. ഷെരീഫ്, പോലീസ് ഇൻസ്പെക്ടർമാരായ സി. വിപിൻദാസ് (കൊല്ലങ്കോട്), എ. ആദംഖാൻ (പുതുനഗരം), ജെ. മാത്യു (മീനാക്ഷിപുരം), ശശിധരൻ (കൊഴിഞ്ഞാമ്പാറ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമുണ്ടായിരുന്നു.