തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണെന്നും വിഷയത്തില്‍ സിപിഎം നേരത്തെ നിലപാട് വ്യക്തമായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ട് കമ്പനികള്‍ തമ്മിലുള്ള ധാരണക്കനുസരിച്ചുള്ള നിയമപരമായ നടപടികള്‍ മാത്രമാണ് നടന്നത്. മാധ്യമങ്ങള്‍ ഇത് പര്‍വതീകരിക്കുകയാണെന്നും വിവാദങ്ങളുണ്ടാക്കുകയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകള്‍ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തല്‍.