കണ്ണൂര്‍: കേരള ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരായ ക്രിമിനൽ പരാമർശം ദൗർഭാഗ്യകരമാണ്. അദ്ദേഹം ഗവർണർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ജയരാജന് പറഞ്ഞു.
ഡൽഹിയിൽ വച്ച് ഗൂഡാലോചന നടത്തിയെന്ന പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഗവർണർ പൗരത്വ ഭേദഗതിയെ ന്യായീകരിച്ചു. എന്നാൽ ചരിത്ര കോൺഗ്രസ് വേദി രാഷ്ട്രീയ വേദിയല്ല. ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർ സംഘപരിവാറിന്റെ ശബ്ദമായി. അതാണ് അവിടെ പ്രതിഷേധമുണ്ടാകാൻ കാരണം. ഇങ്ങനെയൊക്കെ കള്ളം പറയാൻ ഈ പദവിയിലിൽ ഇരിക്കുന്ന ആൾക്ക് സാധിക്കുമോ? വൈസ് ചാൻസലർക്കെതിരായ വ്യക്തിഹത്യ പരാമർശം പിൻവലിക്കണം. നാളെ മുതൽ നിയമസഭയിൽ ഗവർണറുടെ നടപടി ചർച്ചയാകും. കെ സുധാകരൻ ചക്കിക്കൊത്ത ചങ്കരനാണ്. കോൺഗ്രസിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല.
കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദ പട്ടികയിലെ രണ്ടാം റാങ്കുകാരന് ഒന്നാം റാങ്കുകാരിയുടെ അത്ര യോഗ്യതയില്ല. നെറ്റ് പാസായില്ല.ഡിഗ്രിക്ക് എക്കണോമിക്സാണ് പഠിച്ചത്. അയോഗ്യരായ ഒരാളെയും കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചിട്ടില്ല. നിയമനം ക്രമവിരുദ്ധമാണെന്ന് ഗവർണർ പറയുന്നത് അടിസ്ഥാന രഹിതമാണ്. ഗവർണറുടെ പ്രതികരണങ്ങൾ ആരോ എഴുതി കൊടുത്ത് നടത്തുന്നതാണെന്നും എം വി ജയരാജന് പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബും രംഗത്തെത്തിയിരുന്നു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.