കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും. കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് രണ്ടാമൂഴം നൽകാനുള്ള തീരുമാനമുണ്ടായത്. 2019 – ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് എം.വി.ജയരാജൻ കണ്ണൂർ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്. ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് ഒരു ടേം കൂടി നൽകാൻ സംസ്ഥാന നേതൃത്വത്തിന് ഇടയിൽ ധാരണയുണ്ടായിരുന്നുവെന്നാണ് സൂചന.
ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള സമാപന സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വിവാദത്തിലും, വഖഫ് വിവാദത്തിലും മുസ്ലീം ലീഗ് നേതാക്കളുടെ വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ ഘടകവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുണ്ടായ വീഴ്ചകൾക്കെതിരെ അതിരൂക്ഷവിമർശനമുണ്ടായിരുന്നുവെന്നാണ് സൂചന. പേരാവൂരിലെ ചിട്ടി തട്ടിപ്പ് ഉൾപെടെയുള്ള സംഭവങ്ങളിലും സ്വർണക്കടത്ത് ലോബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
തുടർ ഭരണം കിട്ടിയത് ജനങ്ങളെ സേവിക്കാനുള്ള കടമയായി പാർട്ടി പ്രവർത്തർ കാണമെന്ന് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. താഴെ തട്ടിലുയർന്ന വിമർശനങ്ങൾക്കെല്ലാം സമ്മേളനം മറുപടി നൽകുമെന്നും വ്യക്തികൾ പാർട്ടിക്ക് കീഴ്പെട്ട് പോകണമെന്നും ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കിയിരുന്നു. എരിപുരത്ത് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രധാന നേതാക്കൾ പങ്കെടുത്തിരുന്നു. 250 സമ്മേളന പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.