കൊച്ചി: അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പതിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. തിങ്കളാഴ്ച എറണാകുളം ആർടിഒക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. ശനിയാഴ്ച ടീം പരിശീലനത്തിനിടെ പനമ്പള്ളി നഗറിൽ വച്ചാണ് ടീം സഞ്ചരിക്കുന്ന ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.മഞ്ഞ നിറത്തിലുള്ള ബസിൽ ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും പരസ്യ വാചകങ്ങളും പതിച്ചിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ബസ് പരിശോധിച്ചതെന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ആദ്യ മത്സരത്തിലെ മിന്നും പ്രകടനത്തിന് ശേഷം കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട നാളെ രണ്ടാം മത്സരത്തിന് ഇറങ്ങും.
കൊല്‍ക്കത്തന്‍ കരുത്തരായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന്‍റെ കിക്കോഫ്. ബ്ലാസ്റ്റേഴ്‌സ്-എടികെ പോരാട്ടത്തിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്. ഐഎസ്എല്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കിരീടസ്വപ്‌നങ്ങള്‍ രണ്ടുതവണ തച്ചുടച്ച ടീമാണ് എടികെ മോഹൻ ബഗാൻ.
2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലുമായിരുന്നു ഇത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങിയപ്പോൾ എടികെ ബഗാന് ആദ്യ കളിയിൽ അടിതെറ്റിയിരുന്നു. ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിപ്പോള്‍ എടികെ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിന്‍ എഫ്‌സിയോട് തോല്‍വിയറിഞ്ഞു. കൊച്ചിയിലെ ആരവങ്ങളിലേക്ക് എടികെ മോഹൻ ബഗാൻ എത്തുമ്പോൾ ഇരുടീമുകളും മുഖാമുഖം വരുന്ന ഇരുപതാമത്തെ മത്സരമാണിത്.
മോഹൻ ബഗാനുമായി ലയിക്കും മുൻപ് എടികെയും ബ്ലാസ്റ്റേഴ്‌സും പതിനാല് കളിയിൽ ഏറ്റുമുട്ടി. അഞ്ച് കളിയിൽ എടികെയും നാല് കളിയിൽ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പതിനാറും എടികെ പതിനഞ്ചും ഗോൾ നേടി. മോഹൻ ബഗാനുമായി ലയിച്ച ശേഷം ബ്ലാസ്റ്റേഴ്സുമായി നാല് കളിയിലാണ് കൊൽക്കത്തൻ ടീം ഏറ്റുമുട്ടിയത്. ഇക്കാലയളവിൽ എടികെ ബഗാന് വ്യക്തമായ ആധിപത്യമുണ്ട്. നാല് കളിയിൽ മൂന്നിലും എടികെ ബഗാൻ ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത് ഒരു സമനില മാത്രമാണ്