ബംഗളൂരു: മൈസൂരു – മടിക്കേരി ദേശീയപാത 275ന് സമാന്തരമായി പണിയുന്ന മടിക്കേരി-മൈസൂരു ഇക്കണോമിക് കൊറിഡോർ എക്സ്പ്രസ് വേ പദ്ധതിയുടെ മണ്ണ് പരിശോധന ദേശീയപാത അതോറിറ്റി ആരംഭിച്ചു. 93 കി.മീ പാത പണിത് ദേശീയപാതയിൽ മടിക്കേരിയിലും മൈസൂരുവിലും ബന്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.
ശ്രീരംഗ പട്ടണയിലെ പശ്ചിമ വാഹിനിയിൽനിന്നാരംഭിച്ച് കുശാൽനഗറിലെ ഗുദ്ദെ ഹൊസൂരിൽ അവസാനിക്കുന്നതാണ് വിഭാവനം ചെയ്ത നാലുവരിപ്പാത. പശ്ചിമവാഹിനിയിൽ വെച്ച് ഈ പാത ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിൽ ചേരും. പാലങ്ങൾ, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവ പണിയേണ്ട ഭാഗങ്ങളിലാണ് മണ്ണ് പരിശോധന നടത്തുന്നത്.
പശ്ചിമവാഹിനി മേഖലയിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇത്തരം 130 കേന്ദ്രങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രമായ ഗ്ലോബൽ പ്രോജക്ട് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് പരിശോധന നടത്തുന്നത്. 30 മീ. വരെ ആഴത്തിൽ പരിശോധന നടത്തേണ്ടിവരുന്നുണ്ട്. മണ്ണ് സാമ്പ്ളുകൾ വിദഗ്ധ പരിശോധനക്കുശേഷം അംഗീകാരം ലഭിച്ചാൽ മാത്രമെ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ. മണ്ണ് പരിശോധന അടുത്തമാസം അവസാനം പൂർത്തിയാവും എന്നാണ് പ്രതീക്ഷയെന്ന് സുന്ദർരാജ് പറഞ്ഞു.