നാദാപുരം: കാറിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യാത്രക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് കല്ലാച്ചി-വളയം റോഡിൽ അഭ്യാസപ്രകടനം അരങ്ങേറിയത്. കാറിന്റെ ഇരുവശങ്ങളിലുള്ള ഡോറിന് മുകളിൽ കയറിനിന്ന് നൃത്തംചെയ്യുന്ന രംഗമാണ് പുറത്തുവന്നത്. പിറകിലെ വാഹനത്തിലുള്ളവർ അപകടകരമായ അഭ്യാസരംഗം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. കെ.എൽ18 5961 എന്ന രജിസ്ട്രേഷനുള്ള കാറിലായിരുന്നു യുവാക്കളുടെ യാത്ര. ആയഞ്ചേരി ഭാഗത്തുള്ള വാഹനമാണ് ഇതെന്നാണ് പൊലീസ് കണ്ടെത്തൽ. കുറ്റക്കാർക്കെതിരെയും വാഹന ഉടമക്കെതിരെയും നടപടിയെടുക്കുമെന്ന് വളയം പൊലീസ് പറഞ്ഞു.