ബംഗളൂരു: ആഗസ്റ്റ് ഒന്നു മുതൽ നന്ദിനി പാലിന് മൂന്നു രൂപ വർധിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം ചേർന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഭാരവാഹികൾ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയുമായി ചർച്ച നടത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചതായും മന്ത്രിസഭ അനുമതി ലഭിക്കുന്നതോടെ ആഗസ്റ്റ് ഒന്നു മുതൽ വിലവർധന പ്രാബല്യത്തിൽ വരുമെന്നും മന്ത്രി രാജണ്ണ പറഞ്ഞു.
പാൽ ഉൽപാദനത്തിലെ ചെലവ് വർധിച്ചതിനാൽ ക്ഷീരകർഷകരെ സഹായിക്കേണ്ടതിനാലാണ് വിലവർധന വരുത്തുന്നതെന്ന് രാജണ്ണ പറഞ്ഞു. ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. എന്നാൽ, അഞ്ചു രൂപ വർധിപ്പിക്കണമോ അതോ മൂന്നു രൂപ വർധിപ്പിക്കണമോ എന്നത് മന്ത്രിസഭ തീരുമാനിക്കും. മൂന്നു രൂപ വർധിപ്പിക്കാനാണ് സാധ്യത -രാജണ്ണ പറഞ്ഞു.
വിലവർധനക്ക് മന്ത്രിസഭ അനുമതി ലഭിച്ചാൽ നന്ദിനിയുടെ എല്ലാവിധ പാലുകൾക്കും ഇത് ബാധകമാവുമെന്ന് കെ.എം.എഫ് പ്രസിഡൻറ് ഭീമനായിക് പറഞ്ഞു. വർധിപ്പിച്ച മൂന്നു രൂപ ക്ഷീരകർഷകർക്ക് ലഭിക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ പാൽ വില കുറവാണെന്ന് മന്ത്രി രാജണ്ണ ചൂണ്ടിക്കാട്ടി. ലിറ്ററിന് 39 രൂപ നിരക്കിലാണ് നന്ദിനി പാൽ വിൽക്കുന്നത്. ആന്ധ്രപ്രദേശ്- 56, തമിഴ്നാട്- 44, കേരളം- 50, മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്- 54 എന്നിങ്ങനെയാണ് പാലിന് ലിറ്ററിന് വിലയീടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കര്‍ണാടക മില്‍ക്ക് ഫെഡറേഷന് പാല്‍വില വര്ധിപ്പിക്കണമെന്നാവശ്യപ്പെടുകയും സര്ക്കാര്നിര്ദേശത്തെ എതിര്‍ക്കുകയുമായിരുന്നു. സംസ്ഥാനത്തെ 15 ക്ഷീര യൂനിയനുകളുടെ ഉയര്‍ന്ന പ്രവര്‍ത്തന ചെലവുമൂലം 15 ലക്ഷം മുതല്‍ 16 ലക്ഷം വരെ നഷ്ടം വരുന്നതായി കെ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.