കോഴിക്കോട് : ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയൂടെ കുടുംബ ഭൂമി കേസിൽ ഭൂരേഖകൾ പുനപരിശോധിക്കാനുള്ള പാലക്കാട് കലക്ടറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന ആരോപണ വിധേയരായ കല്ലുവേലിൽ കെ.വി മാത്യുവും നെല്ലിപ്പതി നിരപ്പത്ത് ജോസഫ് കുര്യനും തിങ്കളാഴ്ച ഹൈകോടതിയിൽനിന്ന് കലക്ടറുടെ ഉത്തരവിന് സ്റ്റേ വാങ്ങിയെന്നാണ് ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസ് ഭൂമിയുടെ ആവകാശികളായ ആദിവാസികളോട് പറഞ്ഞത്.
ചെവ്വാഴ്ച രേഖകൾ പുനപരിശോധിക്കുന്നതിന് സബ് കലക്ടറുടെ ഓഫിസിലെത്തണമെന്ന് നോട്ടീസ് തിങ്കളാഴ്ചയാണ് നഞ്ചിമക്കും മറ്റ് അവകാശികൾക്കും ലഭിച്ചത്. സബ് കലക്ടർ ഓഫിസിൽ വിചാരണക്ക് എത്തിയപ്പോഴാണ് കെ.വി മാത്യുവും ജോസഫ് കുര്യനും ഹൈകോടതിയിൽനിന്ന സ്റ്റേ വാങ്ങിയ വിവരം അറിയിന്നത്. അട്ടപ്പാടിയിലെ അഗളിയിൽനിന്ന ഏതാണ്ട് 80 കിലോമീറ്റർ സഞ്ചരിച്ചാണ് ഭൂമിയുടെ അവകാശികളായ ആദിവാസികൾ ഒറ്റപ്പാലത്ത് എത്തിയത്. സബ് കല്കടറുടെ ഓഫിസിൽനിന്ന് ഫോൺ ചെയ്ത് അറിയിച്ചിരുന്നുവെങ്കിൽ യാത്ര ഒഴിവാക്കമായിരുന്നുവെന്ന് ഭൂമിയുടെ അവകാശികളിലൊരാളായ മരുതിയും വസന്തയും പറഞ്ഞു.
അഗളി ഗൂളിക്കടവിലെ നാഗമൂപ്പന്റെ ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസില്ലൽ 2020 ഫെബ്രുവരി 28ന് ഓറ്റപ്പാലം സബ്കലക്ടർ ഭൂമി കൈയേറിയവർക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് കലക്ടർ ഡോ. എസ്. ചിത്ര റദ്ദാക്കിയത്. ഈ കേസിൽ രേഖകൾ പുനപരിശോധന നടത്താനാണ് ഉത്തരവിട്ടത്. വിചാരണക്ക് ഹാജരാകുന്ന കക്ഷികൾ ഭൂമി സംബന്ധിച്ച രേഖകളെല്ലാം ഹാജരാക്കണമെന്നും നോട്ടീസിൽ നിർദേസം നൽകി. അഗളി വില്ലേജ് ഓഫിസിലെ ഭൂനികുതി അടച്ച രസീതിന്റെ പിൻബലത്തിലാണ് ജോസഫ് കുര്യൻ ഭൂമിക്ക് മേൽ അവകാശം ഉന്നയിക്കുന്നത്. അതിനപ്പുറം രേഖകളൊന്നും റവന്യൂ വിജലൻസിന് മുന്നിൽ ഇവർക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ പ്രമാണ രേഖയാകട്ടെ വ്യാജമായി നിർമിച്ചതാണെന്ന് റവന്യൂ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈമാറ്റം നടത്തിയത് നിയമനുസൃതം അല്ലെങ്കിൽ സർക്കാർ കക്ഷി ചേർന്ന് നടപടികൾ റദ്ദ് ചെയ്യണമെന്നാണ് റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ടിലെ ശിപാർശ. കല്ലുവേലിൽ കെ.വി മാത്യുവിന് ഭൂമി കൈമാറിയ എല്ലാ നടപടിക്രമങ്ങളും പുനഃപരിശോധിക്കണമെന്നായിരുന്നു ശിപാർശ. പാലക്കാട് കല്കടർ ഡോ.എസ്. ചിത്രയുടെ ഉത്തരവ് പ്രകാരം ഭൂരേഖകൾ പുനപരിശോധിക്കുന്നതിനുള്ള നീക്കമാണ് കെ.വി മാത്യുവും ജോസഫ് കുര്യനും തടഞ്ഞത്.