ന്യൂഡല്‍ഹി : ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് 1000 രൂപ സംഭാവന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകള്‍ നല്കി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പണം നല്‍കിയതിനു കൈപ്പറ്റിയ രസീത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ‘ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് ഞാന്‍ 1000 രൂപ സംഭാവന ചെയ്തു. രാജ്യത്തിന്റെ താല്പര്യങ്ങള്ക്കാണു നമ്മുടെ പ്രഥമ പരിഗണന. ഒപ്പം, ജീവിതാവസാനം വരെ സ്വാര്‍ഥതയില്ലാതെ സേവനം ചെയ്യുന്ന നമ്മുടെ കേഡര്‍മാരെ ചെറിയ തുകകള്‍ സംഭാവന ചെയ്തു ശക്തരാക്കണം. ബിജെപിയെ ശക്തരാക്കാന്‍ സഹായിക്കുക, ഇന്ത്യയെ ശക്തമാക്കാന്‍ സഹായിക്കുക’- മോദി ട്വീറ്റ് ചെയ്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും 1000 രൂപ സംഭാവന ചെയ്തു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവര്ഷത്തോടനുബന്ധിച്ചാണു സംഭാവനാ ക്യാംപെയ്ന് ബിജെപി ആരംഭിച്ചത്. 5 രൂപ മുതല്‍ 1000 രൂപ വരെ സംഭാവന നല്കാനാകുമെന്നു നഡ്ഡ അറിയിച്ചു. 2022 ഫെബ്രുവരി 22 വരെ ക്യാംപെയ്ന് തുടരും.