ന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം രൂക്ഷമായി തുടരുന്നു. മണിക് സാഹ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ സംസ്ഥാനത്തെത്തിയ ദിവസം പോലും ബിജെപിക്കാർ ജനാധിപത്യ ധ്വംസനം തുടർന്നു.
ബിജെപിയിൽ നിന്ന് സിപിഐ എം പിടിച്ചെടുത്ത പ്രതാപ്‌ഗഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ രാമുദാസിന്റെ വീടാക്രമിച്ച അക്രമികൾ വൃദ്ധയായ അമ്മയെ അടിച്ചുപരിക്കേൽപ്പിച്ചു. ബുധൻ രാത്രിയായിരുന്നു സംഘം വീട്ടിലേയ്‌ക്ക് ഇരച്ചുകയറിയത്. ഇതിന് പിന്നാലെ പ്രതാപ്‌ഗഡിൽ നിന്നുളള സിപിഐ എം യുവനേതാവ് നിലജ്ഞന റോയിയുടെ വീടും ബിജെപിക്കാർ തകർത്തു. മുൻപും നിലജ്ഞനയുടെ വീട് ആക്രമിച്ചിട്ടുണ്ട്.
പ്രദേശത്തെ മറ്റ് ഇടത് അനുഭാവികളുടെ വീടുകൾക്ക് നേരെയും വൻ ആക്രമണമാണ് നടന്നത്. പ്രദേശത്ത് ജനകീയ പ്രതിരോധം നേരിടേണ്ടിവന്ന ബിജെപിക്കാർ പിന്നീട് ഓടിരക്ഷപ്പെടുകയായിരുന്നു. കൈലാഷഹിൽ കേന്ദ്രസേനാംഗങ്ങളെ അക്രമിക്കാൻ ശ്രമിച്ചവരെ ലാത്തിച്ചാർജ്ജ് ചെയ്‌തു. അതിനിടെ ഖൊവായ് ജില്ലയിലെ ലാൽചോര ഘോഷ്‌പാരായിൽ ഇടത് പ്രവർത്തകന്റെ വീടാക്രമിച്ച ബിജെപിക്കാർ പശുക്കളെയും വളർത്ത് മൃഗങ്ങളെയും ചുട്ടുകൊന്നു. ഒരു പശുവിന് ഗുരുതര പൊള്ളലേറ്റു. ജുബരാജ് നഗറിൽ സിപിഐ എം പ്രവർത്തകൻ പരേഷ് നാഥിന്റെ റബ്ബർ തോട്ടത്തിന് പട്ടാപ്പകൽ തീയിട്ടു. ബെമൂട്ടിയയിൽ സ്വന്തം പ്രദേശിക നേതാവിന്റെ വീടിന് നേർക്കും ബിജെപിക്കാർ അക്രമണം നടത്തി.
ബമൂട്ടിയയിലെ നരസിഗഡിലെ നേതാവ് സുകുമാർ ബിശ്വാസിന്റെ വീടാണ് സ്വന്തം പാർടിക്കാർ തകർത്തത്. ബിലാസ്‌ഡിലെ മാർക്കറ്റ് അക്രമിച്ച് 20 കടകൾക്കാണ് തീയിട്ടത്. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തതിന് പിന്നാലെ പ്രദേശത്തേയ്‌ക്കുള്ള കുടിവെള്ള വിതരണം തടഞ്ഞന്നാരോപിച്ച് ഗോത്രമേഖലയായ അംബാസയിൽ നാട്ടുകാൾ ദേശീയപാത ഉപരോധിച്ചു. അഗർത്തലയിലെ ചന്ദ്രപൂരിൽ അമ്പതിനായിരം രൂപ ബിജെപിക്കാർക്ക് പിരിവ് നൽകിയില്ലന്നരോപിച്ച് ട്രാവൽ ഏജൻസി തല്ലിത്തകർത്തശേഷം അഗ്നിക്കിരയാക്കി. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഥമ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞുവെങ്കിലും അക്രമങ്ങൾ കൂടുതൽ പ്രദേശങ്ങളിലേയ്‌ക്ക് പടരുന്ന സ്ഥിതിയാണ്.