വയനാട്: വയനാട് കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കണിയാമ്പറ്റ മില്ലുമുക്കിലാണ് സംഭവം നടന്നത്. സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു. തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതി അണ്ണാനഗറിൽ കെ ജയരാജന്‍റെ വീട്ടിലായിരുന്നു സംഭവം. ഇതിന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ പതാകകൾ മാറ്റി കെട്ടി. ജയരാജന്‍റെ വീട്ടിലെ കുട്ടികളാണ് പതാക ഉയർത്തിയതെന്നും തെറ്റ് മനസ്സിലാക്കി അത് തിരുത്തിയിട്ടുണ്ടെന്നും സി പി എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി വിവാദങ്ങളാണ് സംസ്ഥാനത്ത് ദേശീയ പതാകയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.