കൊച്ചി ∙ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ആലപ്പുഴ റൂട്ടിലും പാലാരിവട്ടം റൂട്ടിലും ഫ്ലൈഓവറുകൾ നിർമിക്കണമെന്നു നാറ്റ്പാക് പഠന റിപ്പോർട്ട്. ഫ്ലൈഓവറുകൾക്കടിയിൽ അപകടരഹിതമായ യു ടേണും കാൽനട യാത്രയ്ക്ക് ആകാശപാതയും നിർമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പഠന റിപ്പോർട്ട് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തു.
ട്രാഫിക് ഐലന്റുകളുടെ വീതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാഷനൽ ഹൈവേയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ ഹ്രസ്വകാലത്തേക്കുള്ള നിർദേശങ്ങൾ പത്തു ദിവസത്തിനകം അവസാന രൂപമാക്കി അവതരിപ്പിക്കാൻ യോഗം നിർദേശം നൽകി. ദീർഘകാലത്തേക്ക് അവതരിപ്പിച്ച നിർദേശങ്ങളും ചർച്ച ചെയ്തു.
എന്നാൽ, ഏതാണ്ട് മൂന്ന് ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ട നിർദേശമായതിനാൽ ഭൂമി ഏറ്റെടുക്കൽ ചുരുക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരമാവധി ജനങ്ങൾക്കും കച്ചവടക്കാർക്കും കഴിയുന്നത്ര പ്രയാസം ഒഴിവാക്കി, അത്യാവശ്യം സ്ഥലങ്ങളിൽ മാത്രം ഭൂമി ഏറ്റെടുത്ത് അവതരിപ്പിച്ച ദീർഘകാല പദ്ധതി പുനർസമർപ്പിക്കാനും നിർദേശം നൽകി.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡുകളുടെ ട്രാഫിക് ഐലന്റുകൾ വെട്ടിച്ചുരുക്കണം എന്നുള്ളതു കൊണ്ട് പൊലീസിന്റെ നിർദേശങ്ങൾ പൊതുമരാമത്ത് ദേശീയപാത ഡിവിഷൻ പരിശോധിച്ചശേഷം നേരത്തേ കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാന സർക്കാർ ശാസ്ത്രീയമായ പഠനം നടത്താൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തുകയായിരുന്നു.