കോതമംഗലം > ധൈര്യമായി മുന്നോട്ടു പോകൂ, ഞങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് സർക്കാരിന് നൽകുകയാണ് ഓരോ നവകേരള സദസിലും പങ്കെടുക്കുന്ന നിറഞ്ഞ ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി എറണാകുളം കോതമംഗലം മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ് നടക്കുന്ന ഓരോ ഇടങ്ങളിലും നിറഞ്ഞ കൂട്ടത്തെയാണ് കാണുന്നതെന്നും ഇത് സദസിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര നയങ്ങളെപ്പറ്റിയും മുഖ്യമന്ത്രി സംസാരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനെതിരായാണ് കേന്ദ്രം നിലകൊള്ളുന്നതെന്നും കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോട് നിഷേധാത്മക നിലപാടാണ് കേന്ദ്രത്തിനുള്ളത്. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിൽ പോലും കേന്ദ്രം കൈകടത്തുന്നു. എന്നാൽ ഇതിനെതിരായി ശബ്ദിക്കാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാർ സഭയിലുണ്ടായിട്ടു പോലും കേന്ദ്രത്തിനെതിരെ ആവശ്യമായ പ്രതിഷേധം ഉയർത്തുന്നില്ല. ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെ പോലും എംപിമാർ ചോദ്യം ചെയ്യുന്നില്ല. ഭരണഘടനയെ പോലും തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രം. കേന്ദ്രം കാണിക്കുന്ന നിലപാട് ജനങ്ങൾ തിരിച്ചറിയണമെന്നും അതിനെതിരെ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിലൂടെ സത്യങ്ങൾ കൂടുതലും ജനങ്ങൾ അറിയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ഈ കാര്യങ്ങളെല്ലാം നവകേരള സദസിൽ പതിനായിരങ്ങളുടെ മുന്നിൽ വിശദീകരിക്കപ്പെട്ടു. ഇതിന്റെ ഫലമായാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചത്. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിച്ചതെങ്കിലും പ്രതികരിക്കാൻ അവർ നിർബന്ധിതരായി.
നവകേരള സദസിനെ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് ഇതിനെ ബഹിഷ്കരിച്ചു. 2021ന് ശേഷം കോൺഗ്രസ് ബഹിഷ്കരിക്കാത്ത ഏതു പരിപാടിയാണുള്ളത്? നാടിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ പ്രവർത്തനങ്ങളെയും തടയുന്ന രീതിയാണ് കാണുന്നത്. പക്ഷേ ഓരോ നവകേരള സദസിലും പങ്കെടുക്കുന്ന ജനക്കൂട്ടം ഞങ്ങൾ കൂടെയുണ്ടെന്ന് സർക്കാരിനെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത് – മുഖ്യമന്ത്രി പറഞ്ഞു.