തിരുവനന്തപുരം> ജനകീയ മുന്നേറ്റമായി മാറിയ നവകേരള സദസ്സിന്റെ സമാപനത്തിന് മുന്നോടിയായി മന്ത്രിസഭയുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രി. ‘ഇത് ജനങ്ങളുടെ സർക്കാർ’ എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരളസദസ്സിന് ഉപയോഗിച്ച ബസിന് മുന്നിൽ നിൽക്കുന്ന ചിത്രം മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും ചിത്രം പങ്കുവെച്ചു.
നവംബർ 18ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങിയ നവകേരള സദസ്സ് 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ശനിയാഴ്ച വൈകീട്ട് വട്ടിയൂർക്കാവിൽ സമാപിക്കുകയാണ്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന മാറ്റിവെച്ച എറണാകുളത്തെ നാല് മണ്ഡലങ്ങളിലെ സദസ്സ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
ആശയം കൊണ്ടും പങ്കാളിത്വം കൊണ്ടും പുതുകേരളത്തിലേക്കുള്ള വഴികാട്ടിയായി നവകേരള സദസ്സ് മാറി. ജനകീയ ബദൽ ഉയർത്തിയ വികസന ക്ഷേമ പരിപാടികൾ വിശദീകരിക്കുന്നതോടൊപ്പം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കേന്ദ്രസമീപനം തുറന്നുകാട്ടാനും സദസ്സിനായി. ഭാവി കേരളത്തിലേക്ക് ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതികൾ എന്താക്കെയെന്ന് അറിയലും യാത്രയുടെ ലക്ഷ്യമായിരുന്നു. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നത് പുത്തനനുഭവമായി.