തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ, പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ച മുന്‍പാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനിച്ചിരുന്നു. നാലുമാസം കൊണ്ട് പാത നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്ന കമ്പനി പാര്‍ശ്വഭിത്തി കെട്ടണമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത തിങ്കളാഴ്ചത്തെ യോഗത്തില്‍ ധാരണയായത്. നിലവില്‍ പാര്‍ശ്വഭിത്തി പണിയാതെ മണ്ണിട്ട് പൊക്കി റോഡ് നിര്‍മ്മിക്കുകയായിരുന്നു.